Saturday, July 21, 2007

പകര്‍ച്ച വ്യാധികള്‍

കേരളത്തില്‍ കാലാവസ്ഥ വ്യതിയാനത്തോടൊപ്പം പകര്‍ച്ച വ്യാധികളായ വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കുകയും ധാരാളം ജീവനപഹരിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതു വരെ ഇത്തരം പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനോ അസുഖങ്ങള്‍ വന്നാല്‍ ചികില്‍സിക്കുന്നതിനോ ഉള്ള ഒരു മാര്‍ഗ്ഗരേഖ സര്‍ക്കാരിന്‌ സമര്‍പ്പിക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രം എന്ന് അവകാശപ്പെടുന്ന അലോപ്പതിക്ക്‌ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ആധുനിക വൈദ്യശാസ്ത്ര വിദഗ്‌ധന്മാരും സര്‍ക്കാരും കുഴങ്ങിയപ്പോള്‍ പൊതുജനാരോഗ്യരംഗം അനാഥമായി. ലോകജനതയെ മൊത്തം ഞെട്ടിച്ചു കൊണ്ട്‌ പനിക്കെതിരേ ഹര്‍ത്താലും ബന്തും ആഘോഷിച്ച്‌ കേരളം വൈറസ്സുകളെ വെല്ലുവിളിക്കുന്നു!

പകര്‍ച്ചവ്യാധികള്‍ ഉണ്ടകാനുള്ള സാഹചര്യങ്ങള്‍

പരിസ്ഥിതിയിലുണ്ടാകുന്ന വ്യതിയാന സ്വാധീനങ്ങള്‍ ഭൂമിയിലെ ജൈവസമൂഹത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, പ്രത്യേകിച്ചും മനുഷ്യരില്‍. പ്രകൃതിയിലുണ്ടാകുന്ന ഈ മാറ്റങ്ങളെ അതിജീവിച്ച്‌ ആരോഗ്യത്തില്‍ സന്തുലിതമായ അവസ്ഥ സ്വയം സൃഷ്ടിക്കപ്പെടേണ്ടതാണ്‌. ആധുനിക മനുഷ്യന്റെ ജീവിത സാഹചര്യവും പരിസ്ഥിതി പ്രശ്നവും മൂലം ഇത്തരമൊരു സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ മനുഷ്യനു കഴിയുന്നില്ല. തന്മൂലം രോഗം ബാധിക്കാനുള്ള പ്രവണത ഉണ്ടാകുന്നു. പ്രകൃതിജന്യജീവികള്‍ ഇത്തരം മാറ്റങ്ങളെ അതിജീവിക്കുവാനുള്ള ത്രാണി പ്രകൃതി നിര്‍ദ്ധാരണം വഴി ആര്‍ജ്ജിക്കുകയും തന്മൂലം പുതിയൊരുണര്‍വോടുകൂടി മേല്‍പ്പറഞ്ഞ പ്രവണതയെ അതിജീവിക്കുകയും ചെയ്യുന്നു.

ജൈവ സമൂഹത്തിലെ ഈ പ്രതിഭാസം അനിവാര്യമാണ്‌. ഈ കാഴ്ച്ചപ്പാടില്‍ വേണം മനുഷ്യന്റെ ആരോഗ്യം, രോഗം, ചികില്‍സ എന്നിവയെ കാണുവാന്‍. ആരോഗ്യം കാത്തുസൂഷിക്കുന്നതിനും പ്രകൃതിനിയമങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുവാനും രോഗങ്ങളെ അതിജീവിക്കുവനും സാധ്യമാകുന്ന ചികില്‍സാവിധി ആവശ്യമാണ്‌. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പൊതുജനാരോഗ്യപ്രശ്നം ദീര്‍ഘകാലാടിസ്ഥനത്തിലുള്ള ആസൂത്രണവും പ്രവര്‍ത്തനവും കൊണ്ടല്ലാതെ പരിഹൃതമാവില്ല. വ്യക്തികളുടെ ആരോഗ്യപ്രശ്നത്തില്‍ ഒരവബോധം ഉണ്ടാക്കിയെടുക്കുകയും അതിനുവേണ്ടി ഒരു മാര്‍ഗ്ഗരേഖ രൂപപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയിലും തങ്ങളുടെ ശരീരത്തിലെ പ്രതിരോധസംവിധാനം തകരാതെ നിലനിര്‍ത്തുന്നതിനും പ്രതികൂലസാഹചര്യത്തില്‍ ഉദ്ദീപിപ്പിക്കുന്നതിനും ലളിതമായ വ്യക്തിഗത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഇവ ഏവര്‍ക്കും സാമ്പത്തിക ബാദ്ധ്യത ഒന്നും തന്നെ ഇല്ലാതെ അനുഷ്ഠിക്കാവുന്നതുമാണ്‌. എന്നാല്‍ അതിനെ സംബന്ധിച്ച ഉള്‍ക്കാഴ്ചയും അറിവും ബോധവല്‍ക്കരണവുമാണ് ആവശ്യം. ഇത്‌ നല്‍കാന്‍ ആരോഗ്യസംരക്ഷകര്‍ക്കും അധികാരികള്‍ക്കും കഴിയുന്നില്ല,അഥവാ താല്‍പര്യമില്ല.

പകര്‍ച്ച വ്യാധികളെ എങ്ങനെ തടയാം

ശരീരത്തിലെ രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിന്‌ പ്രാധമികമായ ചില കാര്യങ്ങള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്‌. പ്രതികൂലസാഹചര്യങ്ങളില്‍ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്‌ പരമ്പരാഗതമായി ഒരു ജീവിതാനുഷ്ഠാനക്രമവുമുണ്ടായിരുന്നു.

കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്ന സമയങ്ങളില്‍ നിര്‍ബന്ധിതമായും നടപ്പാക്കുന്ന പരിസരശുചീകരണം.
  • വെള്ളം കെട്ടിനില്‍ക്കുന്ന തടങ്ങള്‍ ഇല്ലാതാക്കുക
  • മലിന വസ്തുക്കള്‍ കത്തിച്ചോ[പ്ലാസ്റ്റിക്‌ കത്തിക്കരുത്‌] ഭൂമിയില്‍ കുഴിച്ചിട്ടോ നിര്‍മ്മാര്‍ജ്ജനം ചെയ്യുക

കുടുംബത്തിലുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ മുതിന്നവര്‍ക്കുള്ള ശ്രദ്ധ.

  • കൂടുതല്‍ കളിച്ച്‌ ക്ഷീണിതരായ കുഞ്ഞുങ്ങളെ വിശ്രമമെടുക്കുന്നതിന്‌ മുന്‍പ്‌ കുളിപ്പിക്കുകയോ ആഹാരം കൊടുക്കുകയോ ചെയ്യാതിരിക്കുക.
  • ഏറ്റവും ലളിതവും പെട്ടെന്നു ദഹിക്കുന്നതുമായ ആഹാരം കഴിക്കുക.
  • ആവശ്യത്തിനുള്ള സമയം ഉറങ്ങണം.
  • ഉറക്കമിളപ്പ്‌, അമിതാദ്ധ്വാനം[ശാരീരികവും മാനസികവും]എന്നിവ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശക്തിയെ ദുര്‍ബലപ്പെടുത്തുകയും പകര്‍ച്ചവ്യാധിക്ക്‌ അധീനപ്പെടുകയും ചെയ്യും.അങ്ങനെയുള്ളവര്‍ കൂടുതല്‍ അന്നജമുള്ള ആഹാരം കഴിക്കണം.
  • ലളിതമായ പാചകം ചൈയ്ത അരിയാഹാരം പകര്‍ച്ചവ്യാധിയുള്ള അവസരങ്ങളില്‍ ഉപയോഗിക്കണം. പുളിപ്പിച്ചുള്ള[ഇഡ്ഡലി,ദോശ,അപ്പം]ആഹാരസാധങ്ങള്‍ കഴിക്കാതിരിക്കുക, ദഹിക്കാന്‍ പ്രയാസമുള്ള മാംസ്യാഹാരങ്ങള്‍ കഴിക്കാതിരിക്കുക.
  • തെറ്റായ ആഹാരരീതിയിലൂടെ ദഹനേന്ദ്രിയം സംബന്ധിച്ച അസുഖങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ഏവരും പ്രത്യേകം ശ്രദ്ധിക്കണം.
  • തണുപ്പു കാലത്ത്‌ കുട്ടികള്‍ക്ക്‌ ബേക്കറി സാധനങ്ങള്‍ കെടുക്കാതിരിക്കുക.കറന്റു കട്ട്‌ കാരണം അഹാരസാധങ്ങള്‍ ശരിയായി ശീതീകരിച്ച്‌ സൂക്ഷിക്കപ്പെടുന്നില്ല.ഇത്തരം ആഹാരസാധങ്ങള്‍കഴിക്കുന്നതുമൂലം ദഹനത്തകരാറുകള്‍ പ്രകടമായി കാണുന്നില്ലെങ്കിലും ഈ ആഹാരസാധങ്ങളുടെ ദഹനത്തിനുവേണ്ടി കൂടുതല്‍ ഊര്‍ജ്ജം ദഹനേന്ദ്രിയത്തില്‍ കേന്ദ്രീകരിക്കുന്നതുമൂലം കൂടുതല്‍ ശാരീരികോര്‍ജ്ജം നഷ്ടപ്പെട്ട്‌ രോഗപ്രതിരോധശക്തി കുറയുവാന്‍ സാധ്യതയുണ്ട്‌.

കുട്ടികളുടെ ആരോഗ്യസംരക്ഷത്തില്‍ പരമപ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.
കിടപ്പുമുറികളില്‍ കൊതുകുകളും മറ്റു പ്രാണികളും പ്രവേശിക്കാത്ത രീതിയില്‍ കര്‍ട്ടനുകള്‍ ഇടുകയോ നെറ്റ്‌ അടിക്കുകയോ ചെയ്യണം.എന്നാല്‍ ഈസംവിധാനം ശുദ്ധവായു സഞ്ചാരയോഗ്യമായ രീതിയിലായിരിക്കണം.ഗന്ധവും പുകയുമുള്ള വായു കിടപ്പുമുറിയില്‍ നിറഞ്ഞുനില്‍ക്കാന്‍ പാടില്ല. ഇതു സ്വാഭാവികമായ ഉറക്കത്തിന്‌ തടസ്സമാകും.നിദ്രാഭംഗം സംഭവിച്ചാല്‍ ഉന്മേഷവും ആരോഗ്യവും ശരീരത്തിന്‌ കിട്ടുകയില്ല.

പകര്‍ച്ചവ്യാധിയുള്ള കാലത്ത്‌ പരിഭ്രാന്തരായാല്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്‌. ഇങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ക്ക്‌ ഉടനടി സര്‍വ്വസാധാരണമായി നമ്മള്‍ ചെയ്തുവരുന്ന ചികില്‍സാരീതികള്‍ ചെയ്യരുത്‌. ഉദാഹരണത്തിന്‌ വേപ്പോറബ്‌സ്‌, നേസല്‍ ഡ്രോപ്‌സ്‌ തുടങ്ങിയവ താല്‍ക്കലികാശ്വാസത്തിനായി ഉപയോഗിക്കുന്നത്‌ കൂടുതല്‍ ഗുരുതരമായ ആന്തരിക അസുഖങ്ങള്‍ക്ക്‌ വഴിതെളിക്കും. രോഗലക്ഷണങ്ങള്‍ തുടരാന്‍ അനുവദിച്ചാല്‍ ശരീരത്തിന്റെ സ്വയം പ്രതിരോധശക്തി ഉദ്ദീപിപ്പിക്കപ്പെടുകയും ശാശ്വതമായി ഇത്തരം ആഗന്തുക[acute]രോഗങ്ങളെ ശരീരം പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ 90%ആള്‍ക്കാരിലും രോഗങ്ങള്‍ പ്രാഥമികമായിത്തന്നെ കുറയും. അല്ലാത്തവയ്ക്ക്‌ സ്വാഭാവികമായ രോഗപ്രതിരോഗശക്തി കുറവാണ്‌. ഇത്തരം ആള്‍ക്കാര്‍ പലതരം ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ട്‌ ചികില്‍സയില്‍ ഇരിക്കുന്നവരോ അതീവ മാരകമായ രോഗങ്ങള്‍ പിടിപെട്ട രോഗചരിത്രം ഉള്ളവരോ ആയിരിക്കും. അല്ലെങ്കില്‍ കോര്‍ട്ടിസോണ്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഔഷധങ്ങളുടെ കൂടെക്കൂടെയുള്ള പ്രയോഗം കൊണ്ട്‌ രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ ആയിരിക്കാം. ഇത്തരക്കാര്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച്‌ അസുഖങ്ങള്‍ ഇല്ലതാക്കുന്ന ചികില്‍സാവിധികള്‍ സ്വീകരിക്കണം .

നിര്‍ഭാഗ്യമെന്നുപറയട്ടെ ബഹുഭൂരിപക്ഷം രോഗികള്‍ക്കും ശക്തികൂടിയതും രോഗപ്രതിരോധശക്തിയെ ദുര്‍ബലപ്പെടുത്തുന്ന ചികില്‍സാരീതിയെ അവലംബിക്കേണ്ടിവരുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ അതിന്റെ ആരംഭകാലഘട്ടത്തിലുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്ക്‌ ലഭിക്കുന്ന അനാവശ്യവും തെറ്റായതുമായ ചികില്‍സാവിധികളാണ്‌ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്‌. എന്നാല്‍ ഏവര്‍ക്കും അവലംബിക്കാവുന്നതും ലളിതവുമായ ചികില്‍സാരീതികള്‍ സുലഭമാകുമ്പോള്‍ അത്‌ സ്വീകരിക്കാക്കാന്‍ തയ്യാറാകണം. ആധുനിക ഡോക്ടര്‍മാര്‍ക്കിടയിലും ഇത്തരം രോഗികള്‍ക്ക്‌ ആശ്യമായ ചികില്‍സയെപ്പറ്റി വ്യത്യസ്താഭിപ്രായമാണുള്ളത്‌. നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന അസുഖങ്ങളായ വൈറല്‍പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മസ്തിഷ്കജ്വരം തുടയവയ്ക്കു കാരണം വിവിധ തരത്തിലുള്ള വൈറസുകളാണ്‌. വൈറസുകളെ പ്രതിരോധിക്കുന്നതിന്‌ ആവശ്യമായ ആന്റി വൈറല്‍ ഡ്രഗ്‌സ്‌ ഒന്നും തന്നെ ആധുനിക ചികില്‍സാ ശാസ്ത്രത്തില്‍ നാളിതുവരെ കണ്ടുപിടിച്ചിട്ടില്ല. തന്മൂലം ചികില്‍സ കേന്ദ്രീകരിക്കുന്നത്‌ അനുബന്ധ ഔഷധേതര ചികില്‍സയിലാണ്‌. ഉദാ: ഡ്രിപ്പ്‌ കൊടുക്കുക, ഗ്ലുക്കോസ്‌ കൊടുക്കുക തുടങ്ങിയവ. രോഗിയെ നിരീക്ഷണ വിധേയമാക്കിക്കൊണ്ട്‌ അനുബന്ധ ചികില്‍സക്കു വേണ്ടി രോഗിയെ തയ്യറാക്കുന്നു. ഈ ചികില്‍സയില്‍ 10%ഗ്രൂപ്പില്‍പ്പെട്ട രോഗപ്രതിരോഗശക്തി കുറഞ്ഞവര്‍ ചികില്‍സയോടു പ്രതികരിക്കാതിരിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.


പകര്‍ച്ച വ്യാധികള്‍ പിടിപെടുമ്പോള്‍ അതിനെ നേരിടുന്നതിനു വേണ്ടി വ്യക്തിഗതമായ മുന്‍ കരുതലുകള്‍ എടുക്കാന്‍ ആദ്യമായി പരിഗണിക്കേണ്ടത്‌ ഔഷധചികില്‍സയാണ്‌. ഇവിടെ ആധുനിക വൈദ്യശാസ്ത്രം മുന്‍പോട്ടു വയ്ക്കുന്ന ഔഷധ ചികില്‍സയും അനുബന്ധ ചികില്‍സയും അപകടകരമാകുന്നതെങ്ങനെയെന്ന് നാം കണ്ടു. അതായത്‌ ശരീരത്തിന്റെ താപനില ഉയരുമ്പോള്‍ അതിന്റെ മൂലകാരണമായ രോഗാണുക്കള്‍ക്ക്‌ എതിരെ പ്രയോഗിക്കാന്‍ ഔഷധങ്ങളില്ലാതിരിക്കെ ഉയര്‍ന്നതാപനിലയ്ക്കെതിരേ മാത്രം മരുന്നുകള്‍ നല്‍കുന്നു. അതോടൊപ്പം ആന്റി വൈറല്‍ ഡ്രഗ്‌സ്‌ ഇല്ലത്തതുകൊണ്ട്‌ അന്റി ബയോട്ടിക്‌സ്‌ കൊടുക്കുകയും തന്മൂലം രോഗിയുടെ പ്രതിരോധശക്തി കുറയുകയും ചെയ്യുന്നു. ഇല്ലാത്ത ശത്രുവിനെ പിടിക്കാന്‍ വല്ലാത്ത വെടി!


ഈ യാഥാര്‍ത്ഥ്യം ചികില്‍സിക്കുന്ന ഡോക്ടര്‍ക്കും ചികില്‍സക്കു വിധേയമാകുന്ന പലരോഗികള്‍ക്കും അറിവുള്ളതാണെങ്കിലും നമ്മുടെ പ്രത്യേക സാമൂഹിക സാമ്പത്തിക ചുറ്റുപാടില്‍ ഏവരും ഇതിന്‌ ഇരയാകേണ്ടിവരുന്നു. ഈ രംഗത്ത്‌ അറിവുള്ള ആധുനിക ഭിഷഗ്വരന്മാര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വസ്തുതകള്‍ക്ക്‌ നിരക്കുന്ന രീതിയില്‍ മാര്‍ഗ്ഗരേഖയുണ്ടാക്കി സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്‌. പരമ്പരാഗതമായി വിദ്യാസമ്പന്നരും ശുചിത്വം പാലിക്കുന്നവരുമായ നമ്മുടെ സമൂഹത്തെ അപഹാസപ്പെടുത്തുന്ന വിധം ഒരിക്കലും സഫലമാകാത്ത കൊതുകുപിടിത്തത്തിനു വേണ്ടി കോടിക്കണക്കിനു രൂപ ചോരുന്നത്‌ നാം നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്


അനിശ്ചിതമായ ഇത്തരമൊരു പൊതുജനാരോഗ്യ പ്രതിസന്ധിയില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രം അതിന്റെ പരിഹാരമാര്‍ഗ്ഗം പൊതുജനസമക്ഷവും ഭരണാധികാരികളുടെ മുമ്പിലും വയ്ക്കുന്നു.

ശാശ്വത പരിഹാരം

താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതല്ല.

  1. ഈ കാലഘട്ടങ്ങളില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക്‌ അവ ഏതുതരം വ്യാധിയുമാകട്ടെ[ഉദാ:പനി,ചുമ,കഫക്കെട്ട്‌]തുടങ്ങിയവക്ക്‌ നിര്‍ബന്ധമായും ഹോമിയോ ചികില്‍സ തേടുക
  2. ഹോമിയാ ഔഷധങ്ങള്‍ ഏതു സാഹചര്യത്തിലും രോഗപ്രതിരോധ ശക്തിയെ ക്ഷീണീപ്പിക്കുകയല്ല മറിച്ച്‌ ഉദ്ദീപിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രാരംഭത്തില്‍ തന്നെ മരുന്നു കഴിക്കുമ്പോള്‍ രോഗത്തിന്റെ കാഠിന്യം കുറയുകയും ക്രമേണ വിട്ടുമാറുകയും ചെയ്യുന്നു. 90%പകര്‍ച്ചവ്യാധികള്‍ക്കും ഹോമിയോ ഔഷധങ്ങള്‍കൊണ്ട്‌ 48മണിക്കൂറിന്നുള്ളില്‍ തന്നെ ശമനം ലഭിക്കുന്നതാണ്‌.
  3. സാധാരണ വൈറല്‍ പനിക്ക്‌ വേണ്ടി വരുന്ന ഏറ്റവും കൂടിയ സമയം 5 ദിവസമാണ്‌. ശരീരത്തിന്റെ ഉയര്‍ന്ന താപനില കുറയുന്നതിനുവേണ്ടിരോഗിയും രോഗപരിചാരകരും ക്ഷമയോടെ കാത്തിരിക്കണം. ഈ അവസ്ഥയില്‍ രോഗിക്ക്‌ ശരിയായ ഉറക്കം ലഭിക്കുക, മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ ക്രമമായി ഇരിക്കുക, വിയര്‍കുക തുടങ്ങിയവ ചൂടുകുറയുന്നതിന്റെ മാനദണ്ഡ്ങ്ങളാണ്‌.തീര്‍ച്ചയായും ഇവയെ ശൂഭലക്ഷണങ്ങളായി കണ്ടുകൊണ്ട്‌ അസുഖം ഭേധമാകുന്നതിനായി കാത്തിരിക്കുക.
  4. കടുത്ത പനിയോടൊപ്പം നിദ്രാഹാനി, മലമൂത്രവിസര്‍ജ്ജനം ഇല്ലാതിരിക്കുക, വിശപ്പും ദാഹവും തോന്നാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗിയുടെ സ്ഥിതി മോശമാകുമ്പോഴാണ്‌ ഉണ്ടാകുന്നത്‌. ഞെട്ടുക,തല ഉരുട്ടുക തുടാങ്ങിയവയും മോശം ലക്ഷണങ്ങളാണ്‌. ഉടന്‍ തന്നെ ഒരു ഡോക്ടറുടെ സഹായം തേടണം.
  5. സാധാരണ പകര്‍ച്ചപ്പനികള്‍ മുന്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചിച്ചറിഞ്ഞ്‌ ഏതുതരം ഔഷധചികില്‍സ ചെയ്യണമെന്ന്‌ തീരുമനിക്കേണ്ടിയിരിക്കുന്നു. രോഗം വൈറസ്‌ മുഖാന്തിരമുള്ളതാണെന്നോര്‍ക്കണം. വൈറസിനെതിരെ പ്രതിവിധിയില്ലാത്ത ചികില്‍സാശാസ്ത്രത്തെ ആശ്രയിക്കാന്‍ പാടില്ല. ഹോമിയോപ്പതിയില്‍ പകര്‍ച്ചവ്യാധി കാലഘട്ടത്തിലുപയോഗിക്കുന്ന പ്രതിരോധമരുന്നു മുതല്‍ ഇത്തരം രോഗങ്ങളെ സുഖപ്പെടുത്തുവാനുമുള്ള മരുന്നുകള്‍ വരെ ലഭ്യമാണ്‌.
  6. രോഗത്തിന്റെ ഓരോ ഘട്ടത്തിലും തക്കതായ ഹോമിയോ ഔഷധങ്ങല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുകയും ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇരിക്കുകയും ചെയ്താല്‍ രോഗം പൂര്‍ണ്ണമായും കുറയുകയും 5 ദിവസത്തിനുള്ളില്‍ നിശ്ശേഷം മാറുകയും ചെയ്യുന്നു. പകര്‍ച്ചപ്പനി പിടിപെടുമ്പോള്‍ ഹോമിയോചികില്‍സയ്ക്ക്‌ വിധേയനായാല്‍ അയാളില്‍ നിന്നും കുടുംബത്തിലെ മറ്റുള്ളവരിലേക്ക്‌ രോഗം പകരുവാനുള്ള സാധ്യത തീരെയില്ല. കാരണം അയാളുടെ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന രോഗാണുക്കളുടെ വീര്യം നന്നേ കുറഞ്ഞിട്ടുണ്ടായിരിക്കും.

മുന്‍ വിധികള്‍ മാറ്റിവെച്ചും യുക്തിപരമായും ബുദ്ധിപരമായും ആലോചിച്ച്‌ ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ട ഹോമിയോ ചികില്‍സയ്ക്ക്‌ ജനങ്ങള്‍ സജ്ജമാകണം. അല്ലാതെ സഫലമാകാത്ത സാങ്കേതിക മികവുകള്‍ ഭ്രമിച്ച ഔഷധങ്ങളില്ലാത്ത ചികില്‍സയ്ക്ക്‌ വിധേയരായി വെറുതേ ആരോഗ്യവും പണവും നഷ്ടപ്പെടുത്തരുത്‌. ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിന്‌ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളും ഡിസ്പെന്‍സറികളും ആധുനികവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. ഔഷധനിര്‍ണ്ണയത്തിന്‌ ഉപകരിക്കുന്ന വിദേശ സോഫ്‌റ്റ്‌വെയര്‍ ഇറക്കുമതി ചൈയ്ത്‌ ഓരോ ആശുപത്രിയും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കണം, അതനുസരിച്ച്‌ ഹോമിയോ ഡോക്ടര്‍മാര്‍ക്ക്‌ ട്രയിനിംങ്ങും നല്‍കണം. ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഹൗസ്‌ സര്‍ജന്മാരും സേവനസന്നദ്ധരാകുകയും ചെയ്യണം. ഓരോ ഹോമിയോ ആശുപത്രിയിലും ഡിസ്പെന്‍സറികളിലും അനുബന്ധ ചികില്‍സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും[ഡ്രിപ്പ്‌ ഇടാനും മറ്റുമുള്ള]വേണം.

Wednesday, July 18, 2007

ആരോഗ്യവും രോഗവും

പരിപൂര്‍ണ്ണ ആരോഗ്യം എന്നൊന്നുണ്ടോ? രോഗങ്ങള്‍ മനുഷ്യനെ എങ്ങനെ കീഴ്‌പ്പെടുത്തുന്നു? ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതെല്ലാമാണ്‌? പ്രപഞ്ചത്തിലെ നാനാവിധമായ സ്വാധീനങ്ങള്‍ക്ക്‌ ദിവസേനയെന്നൊണം മനുഷ്യന്‍ വിധേയനായി കൊണ്ടിരിക്കുന്നു. ഈ സ്വാധീനങ്ങളോടുള്ള പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും. ചിലയാളുകളില്‍ ഇത്തരം സ്വാധീനങ്ങള്‍ പ്രകടമായ വ്യതിയാനങ്ങള്‍ ഒന്നും വരുത്തുന്നില്ല. ഭൗതികവും സാമൂഹികവും ആത്മീയവുമായ സ്വാധീനങ്ങളോടും പ്രേരണകളോടും ആരോഗ്യപരമായി പ്രതികരിക്കാനും ആപേക്ഷികമായ ഒരു തുലനാവസ്ഥ നിലനിര്‍ത്താനും അവര്‍ക്ക്‌ വളരെ എളുപ്പത്തില്‍ കഴിഞ്ഞു. പക്ഷേ ഭൂരിപക്ഷം ആളുകള്‍ക്കും ഈ തുലനാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. ഏറ്റവും വ്യാപകമായ അര്‍ഥത്തില്‍ ഇവരാണ്‌ രോഗികള്‍. ഒരോ രോഗിയിലും രോഗാവസ്ഥയുടെ പ്രതിഫലനം തികച്ചും വ്യത്യസ്ഥവും അവനവനുതന്നെ പ്രത്യേകമായ രീതിയിലും ആയിരിക്കും.ആരോഗ്യാവസ്ഥയുടെ വ്യതിയാനം ഭൗതിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വൈകാരികവും മാനസികമായ തലത്തില്‍ കൂടി രോഗാവസ്ഥയുടെ പ്രതിഫലനം ഉണ്ടാകുന്നതാണ്‌. ഓരോ മനുഷ്യനും അവന്‍ ജീവിക്കുന്ന പരിതസ്ഥിതിയുടെ സ്വാധീനങ്ങളുമായി വ്യത്യസ്ഥമായ രീതിയില്‍ പ്രതികരിക്കുന്നതായി വളരെ എളുപ്പത്തില്‍ മനസ്സിലാക്കാം. ചിലര്‍ക്ക്‌ വളരെ വലിയ സ്വധീനങ്ങള്‍ പോലും പ്രശ്നരഹിതമായി നേരിടാന്‍ സാധിക്കുമ്പോള്‍ മറ്റു ചിലരില്‍ ചെറിയ പ്രേരണ പോലും വളരെ പ്രകടമായ പ്രതികരണങ്ങള്‍ക്കു കാരണമാകുന്നത്‌ എന്തുകൊണ്ടാണ്‌? പ്രതികൂലമായ സാഹചര്യങ്ങളിലും പ്രേരണകളിലും ഒരു മനുഷ്യനെ ആരോഗ്യവാനായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ എന്തെല്ലമാണ്‌. ഇതേപ്പറ്റി ചിന്തിച്ചാല്‍ ഒരുകാര്യം പെട്ടെന്നു മനസ്സിലാക്കാം. അതായത്‌ എല്ലാ മനുഷ്യരിലും ബാഹ്യവും ആന്തരികവുമായപ്രേരണകളോട്‌ പ്രതികരിച്ച്‌ അവന്റെ ആരോഗ്യത്തെ സമതുലിതാവസ്ഥയില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു പ്രതിരോധശക്തിയുടെ സാന്നിദ്ധ്യം. ഈ പ്രതിരോധശക്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മനസ്സിലാക്കല്‍ പരമപ്രധാനമാണ്‌.

എല്ല പരിതസ്ഥിതിശക്തികളും അവയുടേതായ സ്വാധീനങ്ങള്‍ മനുഷ്യനില്‍ ചെലുത്തുന്നു. ഈ പ്രേരണകളോട്‌ ആരോഗ്യകരമായി പ്രതികരിച്ച്‌ ഒരു സമതുലിതാവസ്ഥ നിലനിര്‍ത്തുക എന്നുള്ളതാണ്‌ പ്രതിരോധശക്തിയുടെ പ്രാധമിക കര്‍ത്തവ്യം. രോഗകാരണമായ ഇത്തരം സ്വാധീനശക്തി, ഒരുവന്റെ പ്രതിരോധശേഷിയേക്കാള്‍ കൂടുതലാണെങ്കില്‍ ഈ തുലനാവസ്ഥ തെറ്റുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. രോഗാനുഭവം മനുഷ്യന്റെ എല്ലാ തലങ്ങളേയും ബാധിക്കുമെങ്കില്‍ത്തന്നെയും അതിന്റെ പ്രതിഫലനം ശാരീരികമോ വൈകാരികമോ, മാനസികമോ ആയ ഏതെങ്കിലും തലത്തില്‍ കൂടുതലായി കാണപ്പെടുന്നു.

മനുഷ്യന്‍ എന്നത്‌ പൂര്‍ണ്ണവും സമഗ്രവുമായ ഒരു പ്രതിഭാസമാണെന്നും അതിനെ വിവിധ ഭാഗങ്ങളായി വിഭജിക്കാനാവില്ലെന്നും കരള്‍ രോഗത്തിന്‌ അതിന്റെതായ മരുന്നും ജലദോഷത്തിന്‍ വേറൊന്നും തലവേദനയ്ക്ക്‌ മറ്റൊന്നും എന്ന ചികില്‍സാരീതിയുടെ ശാസ്ത്രീയത അപൂര്‍ണ്ണമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. മനുഷ്യജീവന്റെ സംയോജിതമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വ്യക്തവും സമഗ്രവുമായ ഒരു കാഴ്ചപ്പാടോ പഠനമോ ആധുനിക വൈദ്യശാസ്ത്രം എന്ന് അവകാശപ്പെടുന്ന അലൊപ്പതിക്ക്‌ ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു സത്യമായവശേഷിക്കുന്നു.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്നത്‌ പ്രാഥമികമായി മൂന്നു തലങ്ങളിലാണ്‌.
1 മാനസിക തലം[Mental level]
2 വൈകാരിക തലം[Emotional level]
3 ശാരീരിക തലം[Physical level]

നിശ്ചിത സമയത്ത്‌ മനുഷ്യപ്രവര്‍ത്തനം ഏതെങ്കിലും ഒരു തലത്തില്‍ പ്രധാനമായി കേന്ദ്രീകരിക്കുമെങ്കില്‍ തന്നെയും ഒരു ചാലിക പ്രതിപ്രവര്‍ത്തനം ഈ തലങ്ങള്‍ തമ്മില്‍ എപ്പോഴുമുണ്ടായിരിക്കും. ഒരു ദീര്‍ഘദൂര ഓട്ടക്കാരന്‍ ഓടുന്ന സമയത്ത്‌ ശാരീരിക തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു കണക്കു പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ പ്രവര്‍ത്തനം മാനസികതലത്തിലാണ്‌ കേന്ദ്രീകരിക്കുന്നത്‌.അതേ പോലെ വിരഹത്തിനു ശേഷം കണ്ടുമുട്ടുന്ന കമിതാക്കള്‍ വൈകാരിക തലത്തില്‍ പ്രധാനമായും സംവദിക്കുന്നു.

തീര്‍ച്ചയായും മനുഷ്യന്റെ പ്രവര്‍ത്തികള്‍ സംയോജിതവും സമഗ്രവുമാണെങ്കില്‍ തന്നേയും അവന്റെ ശ്രദ്ധയും അവബോധവും ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ച്‌ ഏതെങ്കിലും ഒരു തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കും. ഈ അറിവ്‌ തികച്ചും ലളിതവും പ്രായോഗികതലത്തില്‍ പ്രയോജനരഹിതവുമായി തോന്നുമെങ്കില്‍ തന്നേയും അതിന്‌ രോഗനിവാരണത്തിലും ചികില്‍സയിലും ഉള്ള പ്രസക്തി വളരെ വ്യാപകവും നിര്‍ണ്ണായകവുമാണ്‌.

Monday, July 16, 2007

ഹോമിയോപ്പതിയും ശാസ്ത്രീയതയും

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെ കുറിച്ച്‌ അതിന്റെ ഉത്ഭവത്തില്‍ തന്നെ തര്‍ക്കമുള്ളതാണ്‌. എന്നാല്‍ തര്‍ക്കങ്ങളുടെ ശക്തി ശാസ്ത്ര പുരോഗതിയൊടൊപ്പം കുറഞ്ഞു കുറഞ്ഞു വരികയുമാണ്‌. ആദ്യമായി വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയവശത്തെക്കുറിച്ചും ഹോമിയോപ്പതിയുടെ അശാസ്ത്രീയവശത്തെക്കുറിച്ചും നോക്കാം.


മാനവ ചരിത്രം പരിശോധിച്ചാല്‍ എല്ലാ ശാസ്ത്രവിഭാഗങ്ങളും മനുഷ്യന്റെ ഭൗതിക ആത്മീയ പുരോഗതിയോടൊപ്പം ആനുപാതികമായി വളര്‍ച്ച പ്രാപിച്ചതായി കാണുവാന്‍ കഴിയും. ഇതിന്‌ ഒരു അപവാദം അലോപ്പതി വൈദ്യശാസ്ത്രം മാത്രമാണ്‌. സൂക്ഷ്മപരിശോധനയില്‍ ഈ സത്യം വെളിവാകുന്നതാണ്‌. ചുരുക്കത്തില്‍ മനുഷ്യന്‍ അവന്റെ ആരോഗ്യസംരക്ഷണത്തിന്‌ വളരെ കുറച്ചുകാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു.

ആധുനിക വൈദ്യശാസ്ത്രം ആഗന്തുകരോഗങ്ങളെ[Acute disease] കൈകാര്യം ചൈയ്യുന്നതിന്‌ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായി നിജരോഗങ്ങളെ[chronic disease] കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടത് മനുഷ്യവംശത്തിനു തന്നെ ഭീഷണിയായിത്തീരുന്നു. നിജരോഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം തികച്ചും നിസ്സഹായാവസ്ഥയിലാണ്‌. താല്‍കാലിക സുഖം ലഭിക്കുന്ന ഔഷധങ്ങള്‍ അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഇക്കാണുന്ന കണക്കില്ലാത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ മനുഷ്യരാശിയെ ഭീതിപ്പെടുത്തുന്നു.

ജീവശാസ്ത്രത്തില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ആധുനിക കണ്ടുപിടിത്തങ്ങള്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രതത്വങ്ങളെ സ്ഥിഥീകരിച്ചുകൊണ്ടിരിക്കുന്നു. ക്രോണോബയോള്‍ജി എന്ന ശാസ്ത്രത്തിന്റെ ആഗമനം ആണ്‌ ഈ വഴിത്തിരിവിനു കാരണം. എല്ലാ ജീവി ഘടനകള്‍ക്കും അടിസ്ഥാനപരമായി താളാത്മക വ്യവസ്ഥകള്‍ ഉണ്ടെന്നും വൈവിധ്യം പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന ജീവന്റെ ഘടനകള്‍ക്ക്‌ ഒരു താളലയമുണ്ടെന്നും[harmony]ഈ ശാസ്ത്രം പഠിപ്പിക്കുന്നു. 1994-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്രയാന്‍ ഗുഡ്‌വിന്റെ ഹൗ ദി ലെപ്പേഡ്‌ ചെയ്ഞ്ചസ്‌ ഇറ്റ്‌സ്‌ സ്പോര്‍ട്‌സ്‌ എന്ന പുസ്തകത്തില്‍ ഭൗതികവും രസതന്ത്രപരവുമായ വ്യവസ്ഥിതിയുള്ള ഒരു പ്രത്യേക ഘടനാവസ്ഥയാണ്‌ ജീവിതമെന്നു ഗുഡ്‌വിന്‍ പറയുന്നു. ഫിസിക്സിലെ ചാലക നിയമങ്ങള്‍ ജീവികളുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച്‌ ബാധകമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഈ ഗതികനിയമങ്ങള്‍ അരോഗാവസ്തയില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശാസ്ത്രീയമായി അവതരിപ്പിച്ചത്‌ ഡോ.ഹനിമാന്‍ ആണ്‌. മുന്‍പറഞ്ഞ ക്രോണോബയോളജി ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തി ചികില്‍സ ആരംഭിച്ചിരിക്കുന്നു. ലയം നഷ്ടപ്പെട്ട ശരീര വ്യവസ്ഥയെ അതിന്റെ യഥാര്‍തഥ തലത്തിലേക്കു പുന:ക്രമീകരിക്കുകയുമാണ്‌ ആര്‍തന്‍ വിന്‍ഫ്രീ ആവിഷ്ക്കരിച്ചിരിക്കുന്ന ഡൈനമിക്‌ ഡിസീസ്‌ എന്ന ആശയം. 200 വര്‍ഷം മുമ്പ്‌ ഡോ:ഹനിമാന്‍ ഈ തത്വം ആവിഷ്ക്കരിക്കുകയും ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയും ആരോഗ്യം രോഗം എന്നീ അവസ്ഥകളെ ഈ ആശയത്തില്‍ അടിസ്ഥാനപ്പെടുത്തി വൈദ്യശാസ്ത്രത്തിന്‌ ജന്മം നല്‍കുകയും ചെയ്തു. ഈ ഡൈനാമിസം എന്ന തത്വം ഹോമിയോപ്പതിയില്‍ വിജയകരമായി കാലങ്ങളായി പ്രയോഗിച്ചു വരുന്നു.

ചുരുക്കത്തില്‍ പ്രകൃതി വിശേഷതത്ത്വങ്ങള്‍[ theory]അടിസ്ഥാനമാക്കി ഈ ചികില്‍സാ സമ്പ്രദായം നിലകൊള്ളുന്നു എന്നത്‌ ഒരു യഥാര്‍ത്ഥ വസ്തുതയാണ്‌[facts]. വസ്തുതയും തത്വവും രണ്ടാകുന്നു. വസ്തുതകള്‍ എന്നത്‌ ലോകത്തിന്റെ സ്വകീകൃതതത്വമാണ്‌[data]. തത്ത്വങ്ങള്‍ എന്നു പറയുന്നത്‌ വസ്തുതകളെ വ്യാഖ്യാനിച്ച്‌ വിവരിക്കുന്നതിന്‌ വേണ്ടിയുള്ള ആശയങ്ങളുടെ ഘടനയാണ്‌. ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തിയറികളെ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഉണ്ടായാലും വസ്തുതകളെ അവ നിരാകരിക്കുന്നില്ല. ഐന്‍സ്റ്റിന്റെ ഗുരുത്വാകര്‍ഷണതത്വം ന്യുട്ടന്റെ തത്വങ്ങളെ മാറ്റിവന്നെങ്കിലും ആപ്പിള്‍ താഴേക്കു വീഴാതിരിക്കുന്നില്ല.

അതുപോലെ ഹോമിയോപ്പതി എന്ന ചികില്‍സാരീതി രോഗികളെ സുഖപ്പെടുത്തും എന്നത്‌ ഒരു വസ്തുതയാണ്‌. അതിന്റെ തത്വങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വസ്തുതകളെ ഇല്ലാതെയാക്കുന്നില്ല. ചുരുക്കത്തില്‍ ഇതില്‍ നിന്നും ഒരു കാര്യം മനസിലാക്കാം. ശാസ്ത്രത്തില്‍ ആധുനിക വൈദ്യശാസ്ത്രം മാത്രമാണ്‌ ഊഹാപോഹങ്ങളുടേയും അഭിപ്രായങ്ങളുടേയും അനുമാനത്തിന്റേയും ഭാഗികപരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തിട്ടുള്ളത്‌. മറ്റെല്ലാ ശാസ്ത്രശാഖകളും നിശ്ചിതമായ നിയമങ്ങളുടേയും അനുശാസനകളുടെയും അടിസ്ഥാനത്തില്‍ നിന്നു രൂപപ്പെട്ട്‌ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഇന്നും അതിന്‌ ഒരു അപവാദമായി നിലകൊള്ളുന്നു. മറിച്ച്‌ ഹൊമിയോപ്പതി വൈദ്യശാസ്ത്രം നോക്കുക. ആരോഗ്യം, രോഗം, ചികില്‍സ എന്നിവയ്ക്ക്‌ വ്യക്തമായ പ്രകൃതി നിയമങ്ങളും അനുശാസനങ്ങളും ഉണ്ട്‌. ഇങ്ങനെ ബന്ധപ്പെട്ടാല്‍ അതിന്റെ പ്രയോജനത്തില്‍ എത്തിച്ചേരാമെന്ന് പറയുന്ന ഒരു സംവിധാനം ഉണ്ട്‌. അതിന്‌ ഒരു സാങ്കേതിക പദവും ഉണ്ട്‌ - മെഥേഡോളജി[methedology]. വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം മനുഷ്യന്റെ രോഗാവസ്ഥ കുറവാക്കുക എന്നതാണല്ലോ? ഹോമിയോപ്പതി മനുഷ്യന്റെ രോഗാവസ്ഥകുറവാക്കുക എന്ന പ്രാ‍യോഗികതയിലേക്ക് നയിക്കുന്നു. വസ്തുനിഷ്ടമായി ഇത്‌ ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതുമാണ്.

Thursday, June 14, 2007

ഹോമിയോ വൈദ്യശാസ്ത്രം: ഒരാമുഖം

ഹോമിയോപ്പതി വൈദ്യശാസ്ത്രം ഉണ്ടായിട്ട്‌ 200 കൊല്ലങ്ങള്‍ കഴിഞ്ഞതെയുള്ളൂ. അതിന്റെ ഉപജ്ഞാതാവ്‌ ജര്‍മന്‍ ഡോക്ടറായ സാമുവല്‍ ഹനിമാന്‍ ആണ്‌. ഹോമിയോപ്പതിയുടെ അടിസ്ടാനം ഒരു പ്രകൃതി നിയമമാണ്‌ :
"similia similbus curenter"

മലയാളത്തില്‍ ഇതിനെ "സമം സമേന ശാന്തി" എന്നു പറയാം. അതായത്‌ രോഗിയുടെ ലക്ഷണസമൂഹത്തിന്ന് സമാനമായ ലക്ഷണങ്ങളുള്ള മരുന്നു കണ്ടുപിടിച്ചു അനുയോജ്യമായ വീര്യത്തില്‍ ആവശ്യമായ അളവില്‍ കൊടുക്കുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്ന ജീവശക്തി രോഗത്തെ കീഴ്പ്പെടുത്തുന്നു.

മാറുന്ന [curable] അസുഖങ്ങള്‍ക്കെല്ലാം ഹോമിയോപ്പതിയില്‍ ചികില്‍സയുണ്ട്‌ .പാര്‍ശ്വഫലങ്ങളില്ലാതെ സ്ഥിരമായും വേഗത്തിലും ആയാസരഹിതവുമായാണ്‌ രോഗങ്ങള്‍ മാറുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
ദീര്‍ഘകാലം ചികില്‍സ വേണ്ടിവരുന്ന അസുഖങ്ങള്‍ക്കാണ്‌ [chronic disease] ഹോമിയോചികില്‍സ ഏറ്റവും അനുയോജ്യമായത്‌. അലോപ്പതിയില്‍ സര്‍ജറി നിര്‍ദ്ദേശിക്കുന്ന പല അസുഖങ്ങളും ഹോമിയോ ചികില്‍സ കൊണ്ട് ‌[മരുന്നു കഴിച്ചുകൊണ്ട്‌] ഭേദമാക്കാന്‍ കഴിയും. ഉദ: ടോണ്‍സില്ലൈറ്റിസ്‌, മാറ്‌, ഗര്‍ഭപാത്രം, അണ്ഡാശയം ഇവകളിലെ മുഴകള്‍ തുടങ്ങിയവ.

ഹോമിയോപ്പതി ചികില്‍സാശാസ്ത്രത്തിന്റെ മുഴുവന്‍ സാദ്ധ്യയതകളും രോഗികള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഈ ശാസ്തത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കണം.അലോപ്പതിയുടേയും ആയുര്‍വേദത്തിന്റയും രീതിയില്‍ നിന്നുംഹോമിയോപ്പതിക്ക്‌ വളരെ വ്യത്യാസങ്ങളുണ്ട്‌. അലോപ്പതിയില്‍ രോഗത്തിന്റെ പേരു കണ്ടുപിടിച്ച്‌ ആ രോഗത്തിനാണ്‌ ചികില്‍സ. ഒരേ രോഗമുള്ളവര്‍ക്കെല്ലാം ചികില്‍സ ഒന്നുതന്നെയായിരിക്കും.

എന്നാല്‍ ഹോമിയോപ്പതിയില്‍ രോഗനാമത്തിനുപരി, രോഗിയുടെ മാനസികവും, വൈകാരികവും ആയിട്ടുള്ള പ്രത്യേകതകള്‍, ശാരീരികലക്ഷണങ്ങളുടെ പ്രത്യേകതകള്‍ തുടങ്ങിയവ കണക്കിലെടുത്താണ്‌ മരുന്നു നിശ്ചയിക്കുന്നത്‌. അതിനാല്‍ ഒരേ രോഗമുള്ള രണ്ടു പേര്‍ക്ക്‌ മരുന്നുകള്‍ വ്യത്യസ്തമായിരിക്കാം.
ഹോമിയോപ്പതി ഭാവിയുടെ ചികില്‍സാശാസ്ത്രമാണ്‌. 1850 മുതല്‍ 1950 വരെ ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ഏറ്റവും ജനസമ്മതിയുള്ള ചികില്‍സാരീതി ഹോമിയോപ്പതിയായിരുന്നു. ഇന്നും അവിടങ്ങളിലെ അഭിജാതരുടെ ചികില്‍സാരീതി ഹോമിയോപ്പതി തന്നെ . ഇംഗ്ഗ്ലണ്ടിലെ രാജകുടുംബവും മറ്റും ഹോമിയോപ്പതിയുടെ ആരാധകരാണ്‌. 21ന്നാം നൂറ്റാണ്ടില്‍ ഏറ്റവും കഴിവുള്ളവര്‍ ഈ രംഗത്തേക്ക്‌ കടന്നുവരുമ്പോള്‍ ഹോമിയോപ്പതിയുടെ അംഗീകാരം ഇനിയും വര്‍ദ്ധിച്ച്‌ ഏറ്റവും ജനസമ്മതിയുള്ള ശാസ്ത്രമാകും എന്ന് നമുക്ക്‌ പ്രത്യാശിക്കാം.

ഇപ്പോള്‍ മഴക്കാലാരംഭത്തില്‍ വൈറല്‍ പനി, ചിക്കന്‍ ഗുനിയ മുതലായ അസുഖങ്ങള്‍ക്ക്‌ ഏറ്റവും ഫലപ്രദം ഹോമിയോചികില്‍സയാണെന്ന് അധികം താമസിയാതെ ജനങ്ങള്‍ തിരിച്ചറിയും. ഈ ശാസ്ത്രത്തെക്കുറിച്ചും രോഗചികില്‍സയെക്കുറിച്ചും കൂടുതലറിയാന്‍ ബന്ധപ്പെടുക - mastersclinic@gmail.com

Thursday, June 7, 2007

ഹോമിയോപ്പതി ചികിത്സ

മനുഷ്യശരീരത്തിന്റെ രോഗനിവാരണശക്തിയെ ഔഷധങ്ങളാല്‍ ഉദ്ദീപിപ്പിച്ചും യാതൊരുവിധ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കാതെയും രോഗം സുഖപ്പെടുത്തി പൂര്‍ണണരോഗവിമുക്തിനേടുകയെന്ന രോഗികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.

ഹോമിയോപ്പതി ചികില്‍സ ലക്ഷ്യമാക്കുന്നത്‌ രോഗം ബാധിച്ച വ്യക്തിയെയാണ്‌. അല്ലാതെ നാമകരണം ചെയ്ത ഏതെങ്കിലും ഒരു രോഗത്തിന്‌ പ്രത്യേകിച്ച്‌ ഒരു മരുന്നു ഹോമിയോപ്പതിയില്‍ ഇല്ല. രോഗം ബാധിച്ച വ്യക്തിയെ എല്ലാതലത്തിലും വിവിധ വശങ്ങളിലൂടെ വിശകലനപഠനം നടത്തി അയാള്‍ക്ക്‌ അനുയോജ്യമായ ഒരു മരുന്നു ഒരു സമയത്ത്‌ നിശ്ചയിക്കുകയും ആ നിശ്ചയിക്കപ്പെട്ട മരുന്നിനാല്‍ അയാള്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കുകയും ചെയ്യുന്നു.

Monday, January 15, 2007

സ്വാഗതം

മാസ്റ്റേഴ്സ് ഹോമിയോ ക്ലിനിക്കിലേക്ക് സ്വാഗതം